Tuesday, 23 September 2014

ഞങ്ങളിപ്പോഴും നില്ക്കുകയാണ്: സി കെ ജാനൂ

വാക്കുപാലിക്കുന്നത് ജനാധിപത്യ മര്യാദയാണ് എന്നു കുറച്ചു പേര്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കലില്‍ നിന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ട്, ചുവപ്പും വെളുപ്പും കാവിയും പച്ചയുമെല്ലാം ഒരുപൊലെ വഞ്ചിച്ച കേരളത്തിലെ ആദിവാസി സുഹൂര്‍ത്തുക്കളാണ് ഐതിഹാസിക നില്‍പ്പു സമരം ചെയ്യുന്നത്. കേരളത്തിന്റെ മുഖ്യധാര മാധ്യമങ്ങള്‍ മുത്തങ്ങയിലെ ആദിവാസികള്‍ തീര്‍ത്ത പ്രതിരോധം മറക്കാന്‍ മനപൂര്‍വ്വം ശ്രമിച്ചതുപൊലെത്തന്നെയാണ്  ആദിവാസി നില്‍പ്പുസമരത്തോടും പ്രതികരിച്ചുകൊണ്ടിരിക്കുന്നത്.  വ്യവസ്ഥാപിത അനീതികള്‍ക്കെതിരെ ഇത്തരമൊരു സമരമുറ കാലഘട്ടത്തിന്റെ ആവിശ്യകതയായി മാറുകയാണ്. സമര നയിക്കുന്ന ആദിവാസി ഗോത്രമഹാസഭയുടെ ചെയര്‍പേഴ്‌സണ്‍ സി.കെ ജാനുമായി  നടത്തിയ അഭിമുഖം.
? ഏകദേശം ഒരു മാസം പിന്നിട്ടു കഴിഞ്ഞു ഈ സമരം. സമരത്തിന്റെ പുരോഗതി , പുറമെ നിന്നുള്ള പിന്തുണകള്‍ എത്രത്തോളമുണ്ട്.
 സമരത്തിനു നല്ല പുരോഗതിയാണുള്ളത്. ആളുകളുടെ ഒരു കൂട്ടായ്മ വളരെ സജീവമായിട്ടുണ്ട്. അതില്‍ ആദിവാസികള്‍ മാത്രമല്ല, മറ്റു വിഭാഗക്കാരുണ്ട്. ഒപ്പം മറ്റു ജില്ലകളില്‍ നിന്നുള്ള ഐക്യദാര്‍ഢ്യം ഞങ്ങള്‍ക്കു ലഭിക്കുന്നുണ്ട്. സാമൂഹ്യപ്രവര്‍ത്തകര്‍, പ്രകൃതി സ്‌നേഹികള്‍, വ്യക്തിപരമായി ആദിവാസികളെ സംരക്ഷിക്കണമെന്ന് താല്‍പ്പര്യമുള്ളവര്‍ എന്നിവര്‍ മുന്നോട്ട് വരുന്നുണ്ട്. ഒപ്പം അവരുടെ സമരമായി ഏറ്റടുത്തിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍ ഒഴികെയുള്ളവരുടെ പിന്തുണ ഞങ്ങള്‍ക്കുണ്ടായിട്ടുണ്ട്.
? ഒരു സമരത്തിന്റെ പുരോഗതിക്ക് ആവശ്യമായ പിന്തുണയാണ് മാധ്യമങ്ങളില്‍ നിന്നും ലഭിക്കേണ്ടത്. മാധ്യമങ്ങളില്‍ നിന്നുള്ള പിന്തുണ എത്രത്തോളമുണ്ട്?
 വേണ്ട രീതിയിലുള്ള പിന്തുണ മാധ്യമങ്ങളില്‍ നിന്നുമുണ്ടായിട്ടില്ല. ആദിവാസികളുടെ പ്രശ്‌നമാണ് എന്നതിലാവാം ഒരുപക്ഷേ ഇതിനു കൂടുതല്‍ പിന്തുണ ലഭിക്കാത്തത്. പിന്നെ കുറച്ച് മാധ്യമങ്ങള്‍ സമരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരള കൗമുദി, മാതൃഭൂമി, മാധ്യമം തുടങ്ങിയവയിലെല്ലാം തിരുവനന്തപുരം എഡിഷനുകളില്‍ വാര്‍ത്ത വന്നിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിലും കൗമുദിയിലും സംസ്ഥാനതലത്തില്‍ വന്നിട്ടുണ്ട്.
?സോഷ്യല്‍ മീഡിയ ഈ സമരത്തെ കൂടുതല്‍ പിന്തുണക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. നില്‍പ്പ് സമരത്തെ കേരളത്തിനു പുറത്തേക്ക് എത്തിച്ചത് ഒരു പക്ഷേ സോഷ്യല്‍ മീഡിയ തന്നെയായിരിക്കാം. അതിനെക്കുറിച്ച്?
ഉ സോഷ്യല്‍ മീഡിയ വഴി നല്ല പിന്തുണ ലഭിക്കുന്നുണ്ട്.അതുകൊണ്ട് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ജനങ്ങള്‍ ഐക്യദാര്‍ഢ്യമായി വരുന്നുണ്ട്. ഒപ്പം യുവതലമുറകള്‍ ഈ സമരത്തെ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നു. അവരുടെ പ്രശ് നമായാണ് ഈ സമരത്തെ യുവതലമുറകള്‍ ഏറ്റെടുത്തിട്ടുള്ളത്.
?പട്ടികവര്‍ഗക്ഷേമവകുപ്പ് മന്ത്രിയായ ശ്രീമതി പി.കെ ജയലക്ഷ്മി ഒരു ആദിവാസി സ്ത്രീയാണ്. അതുകൊണ്ട് തന്നെ ആദിവാസി പ്രശ്‌നങ്ങള്‍ നന്നായി മനസിലാക്കി പരിഹാരം കാണാന്‍ അവര്‍ക്കാവാണ്ടതാണ്. എന്തു പറയുന്നു.?
 തീര്‍ച്ചയായും, പി.കെ ജയലക്ഷിമി പിന്നോക്ക വിഭാഗത്തില്‍ നിന്നും വന്ന ഒരു മന്ത്രിയാണ്. അവര്‍ക്ക് എന്തങ്കിലും ചെയ്യണമെന്ന ആഗ്രഹമില്ലാഞ്ഞിട്ടല്ല എന്നാണ് എനിക്കു തോന്നുന്നത്! നിലവിലുള്ള ഭരണകൂടത്തിന്റെ അകത്ത് അവര്‍ക്കു കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് വസ്തുത. പിന്നെ അവര്‍ സമരപ്പന്തലില്‍ ഇതുവരെ വന്നിട്ടില്ല, അവര്‍ക്കു വരാവുന്നതാണ്. ഒപ്പം കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുമാണ്. ഒരു ഫോണ്‍ കോള്‍ പോലും അവരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല എന്നതാണ് വാസ്തവം
2?സര്‍ക്കാരുമായി ഗോത്രമഹാസഭ നടത്തിയ ചര്‍ച്ച വിഫലമായന്നാണ് അറിഞ്ഞത്.നിങ്ങളുടെ ആവിശ്യങ്ങള്‍ ഉടനെ നിറവേറാന്‍ സാധ്യതകള്‍ കാണുന്നുണ്ടോ?
 മന്ത്രി ജയലക്ഷ്മിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ സര്‍ക്കാറുമായി ചര്‍ച്ച നടത്തി. പക്ഷേ എന്താണ് ചെയ്യേണ്ടതെന്ന ഒരുവ്യക്തത അവര്‍ക്കില്ല. വിഷയം പഠിക്കാന്‍ അവര്‍ ശ്രമിക്കുന്നില്ല എന്നാണ് എനിക്കു തോന്നുന്നത്. ചെറിയ ഒരു ചര്‍ച്ച മാത്രമായിരുന്നു അത്. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താം എന്ന അഭിപ്രായത്തില്‍ ഞങ്ങള്‍ ചര്‍ച്ചക്കു പോയി. സര്‍ക്കാറിനു ചെയ്യാന്‍ പറ്റാത്ത ഒരു ആവിശ്യങ്ങളും ഞങ്ങള്‍ ഉന്നയിച്ചിട്ടില്ല, ചെയ്യാന്‍ പറ്റുന്നത് മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. അതും സര്‍ക്കാര്‍ നേരത്തെ പറഞ്ഞുവെച്ചതും വാഗ്ദാനം ചെയ്തതുമാത്രമായ കാര്യങ്ങള്‍ മാത്രമാണ്. അത് നടപ്പിലാക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല, എത്രയും പെട്ടന്നു ചെയ്യാന്‍ പറ്റുന്നതേ ഉള്ളൂ. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്നതാണ് പ്രധാന ആവശ്യം അതു മറ്റ് സംസ്ഥാനങ്ങളിലും ഉള്ളതാണ്. അപ്പോള്‍ അത് ഇവിടെയും നടപ്പിലാക്കണം. അതുപോലെ ആദിവാസികളുടെ പ്രോജക്ട് ഭൂമി അവര്‍ക്കു നല്‍കുക.  അതു കേന്ദ്രതലത്തില്‍ നിലവിലുള്ള ഒരു നിയമമാണ്. അത് ഇവിടെയും പ്രാവര്‍ത്തികമാക്കണമെന്നേ ഞങ്ങള്‍ ആവശ്യപ്പെടുന്നുള്ളു.
?ആദിവാസി മേഖലകള്‍ മാവോയിസ്റ്റ്കളുടെ ഒളിത്താവളമാണെന്ന തരത്തില്‍ ഇടക്കിടെ വാര്‍ത്ത വരാറുണ്ട.് ഇതില്‍ എന്തങ്കിലും വാസ്തവം ഉണ്ടോ?
 ആദിവാസി മേഖലകളില്‍ മാവോയിസ്റ്റകള്‍ ഒന്നും ഇല്ല. പ്രത്യേകിച്ച് കേരളത്തില്‍. മറ്റു സ്‌റ്റേറ്റകളില്‍ ഉണ്ടാവുമായിരിക്കാം. ആദിവാസികളുടെ കൂട്ടായ്മയെ തകര്‍ക്കാനാണ് ഈ മാവോയിസ്റ്റ് വേട്ടയെപ്പറ്റിയുള്ള പ്രചാരണം. കേരളത്തില്‍ മാവോയിസ്റ്റുകള്‍ ഉണ്ടങ്കില്‍തന്നെ ഇത്രയധികം പോലീസും അതിനുള്ള സംവിധാനവുമില്ലേ? അവര്‍ക്കവരെ പിടിച്ചൂടെ? അതല്ലാതെ ഇങ്ങനെ ഇടക്കിടെ പ്രചരണം നടത്തി ആളുകളെ ഭീതിയിലാക്കുക എന്നല്ലാതെ അവര്‍ എന്താണു ചെയ്യുന്നത്.പിന്നെ ആദിവാസികളുടെ ഇടയില്‍ പോലീസ്‌രാജിന്റെ  ആവശ്യമില്ല. ആദിവാസികള്‍ അവര്‍ക്കു വേണ്ടിയുള്ളസംഘടനകള്‍ ഉണ്ടാക്കിയിട്ടുണ്ട്.  അതുകൊണ്ട് തന്നെ അവര്‍ക്കിടയില്‍ മാവോയിസ്റ്റുകള്‍ വന്നിട്ട് വേരുപിടിക്കാനോ മറ്റോ സാധ്യതയില്ല. ആദിവാസി ഗോത്രമഹാസഭ പോലുള്ള സംഘടനകള്‍ ഉള്ളതു കൊണ്ട് ശരിക്കും ആദിവാസികള്‍ക്കിടയില്‍ മാവോയിസ്റ്റ് സംഘടനകള്‍ക്ക് സാധ്യതകള്‍ തന്നെയില്ല.
?സമരം മുന്നോട്ട് കൊണ്ട് പോവാനുള്ള ഫണ്ട് ഏതെല്ലാം രീതിയില്‍ ലഭിക്കുന്നു?
 വ്യക്തികള്‍, അതുപോലത്തന്നെ വിദ്യാര്‍ഥികള്‍, പിന്നെ ചില സംഘടനകളുടെ സഹായം ലഭിക്കുന്നു. വിദേശത്ത് ഈ സമരം ചര്‍ച്ചയായിട്ടുണ്ടെങ്കിലും ഫണ്ടുകള്‍ ഒന്നും ലഭിക്കുന്നില്ല. പിന്നെ കടപ്പുറത്തുനിന്നൊക്കെ ആളുകള്‍ അരിയും സാധനങ്ങളും എത്തിക്കുന്നുണ്ട്.
?2001 ലെ കുടികെട്ടല്‍ സമരത്തിലു ശേഷം ആദിവാസികള്‍ക്കു ഭൂമി ലഭിക്കുകയുണ്ടായി. എന്നാല്‍ അത് മുതലാളിമാര്‍ കൈവശപ്പെടുത്തിയിരിക്കുന്നു എന്ന വാര്‍ത്ത നിലവിലുണ്ട് . പ്രത്യേകിച്ചും ആറളം ഫാം, വയനാട്ടിലെ വെറ്റിനറി കോളേജ് എന്നിവ. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
 2001 ലെ കുടികെട്ടല്‍ സമരത്തിലൂടെയാണ് കേരളത്തിലെ ഭൂരഹിതരായ 30000ത്തോളം കുടുംബങ്ങള്‍ക്കു ഭൂമി ലഭിച്ചത്. എന്നാല്‍ കിട്ടിയ ഭൂമി എല്ലാം തന്നെ ഇപ്പോള്‍ മറ്റുള്ള ആളുകള്‍ വന്ന് അനധികൃത കയ്യേറ്റം നടത്തുന്നു. അതുകൊണ്ടാണ് ഈ സമരത്തില്‍ ഞങ്ങള്‍ 244ാം വകുപ്പ് പ്രകാരം ആദിവാസികളുടെ ഭൂമി ഊരു ഭൂമിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇങ്ങനെ ഊരു ഭൂമിയായി പ്രഖ്യാപിച്ചാല്‍ ഈ ഭൂമി ആര്‍ക്കും വാങ്ങാനോ വില്‍ക്കോനോ സാധ്യമല്ല. അപ്പോള്‍ ആദിവാസി ഭൂമിയായി ഇത് സൂക്ഷിക്കപ്പെടും. പല ആളുകള്‍ക്കും പട്ടയം നല്‍കി ഭൂമി കാണിച്ചു കൊടുക്കാത്ത ഒരു അവസ്ഥയാണ് കേരളത്തില്‍ ഇന്നുള്ളത്. ഇപ്പോള്‍ ഇടുക്കി ജില്ലയിലെ ചിന്നക്കനാലിലെ ചിലകുടുംബങ്ങള്‍ക്കു പട്ടയം നല്‍കിയിട്ടുണ്ടങ്കിലും ഭൂമി കാണിച്ചു കൊടുത്തിട്ടില്ല. വാഴച്ചാലില്‍ ആദിവാസികള്‍ക്ക് കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഹോര്‍ണ്‍ബില്ല് ഫൗണ്ടേഷന്‍ പോലുള്ള എന്‍ ജി ഒ യുടെ പ്രവര്‍ത്തനത്തിന്റെ ഫലമാണിത്. ഇത്തരത്തില്‍ എല്ലാ സ്ഥലങ്ങളിലും ഇതുപോലുള്ള ഇടപെടലുകള്‍ ആവശ്യമാണ്.
? സമരം എങ്ങിനെ മുന്നോട്ട് പോവാനാണ് ഉദ്ദേശിക്കുന്നത്.?
 സമരം നില്‍പ്പ് സമരമായി തന്നെയാണ് മുന്നോട്ട് പോവാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. പ്രാദേശികമായി ആളുകളെ സഹകരിപ്പിച്ച് സമരം ശക്തിപ്പെടുത്താനുള്ള ആശയമാണ് വിചാരിച്ചിരിക്കുന്നത്. പിന്നെ സംഘടനകളുടെ പിന്തുണയോടു കൂടി മുന്നോട്ട് പോവും. ജ്വാല,  ബി.എസ്.പി, കെ.പി.എം.എസ് തുടങ്ങിയവയുടെ പിന്തുണയുണ്ട്. സര്‍ക്കാര്‍ നേരത്തെ വാഗ്ദാനം ചെയ്ത കരാര്‍ വ്യവസ്ഥകള്‍ പാലിക്കുമെന്നും തീരുമാനമായാലേ സമരത്തില്‍ നിന്നും പിന്‍മാറൂ.
കടപ്പാട്: വര്‍ത്തമാനം

No comments:

Post a Comment