Wednesday, 24 September 2014

കേരളം കരിഞ്ഞു തുടങ്ങി എല്ലാതലത്തിലും/ കല്ലേന്‍ പൊക്കുടന്‍

ഒന്നാം ക്ലാസില്‍ ഞാന്‍ രണ്ടുതവണയിലധികം തോറ്റുപോയിട്ടുണ്ട്, ജീവിതത്തില്‍ തോല്‌വികള്‍ക്ക് വലിയ പ്രാധാന്യവുമുണ്ട് പക്ഷെ ഒന്നാം ക്ലാസില്‍ ഞാന്‍ അന്ന് തോറ്റുപോയ തരത്തിലുള്ള തോല്‌വികള്‍ക്കല്ല അത്തരത്തിലുള്ള ഒരു മുഖമുള്ളത് എന്നു മാത്രം. എനിക്ക് എന്റെ ദൈവവും പ്രത്യശാസ്ത്രവുമെല്ലാം പ്രകൃതിയാണ്, പ്രകൃതിലൂടെ നമുക്ക് നമ്മുടെ ആത്മീയത വെളിപ്പെടുത്താനാകൂം. പുതിയ കാലത്ത് ഞാനീ പറയുന്ന കാര്യത്തിന് വലിയ ഗൗരവമുണ്ട്, പക്ഷെ അവ ആ ഗൗരവത്തില്‍ പുതിയ തലമുറ കാണൂന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു തന്നെ ഉത്തരം പറയേണ്ടി വരും. കാലത്തിന്റെ ഈ പുതിയ പ്രഛന്നവേഷം മനുഷ്യന്റെ നാശത്തിലേക്കുള്ളതാണ് എന്നു നമ്മള്‍ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുകയാണ്.
കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഇനിയൊരു അഴിച്ചുപണി നടത്തണമെന്നു വിചാരിച്ചാല്‍ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്, കൊടിയുടെ നിറങ്ങളൂം തൊലിയുടെ നിറങ്ങളുമെല്ലാം നമ്മില്‍ ഭിന്നതയായി ഇന്നും നിലനില്‍ക്കുന്നുണ്ട്. രാഷ്ട്രീയപരമായ ചില അധികാര കുത്തക നിലനിര്‍ത്തുന്നവരുടെ സ്വാധീനം അത്രത്തോളം നമ്മുടെ സമൂഹത്തെ നശിപ്പിച്ചു കഴിഞ്ഞു എന്നുവേണം മനസ്സിലാക്കാന്‍. ഇത്തരം പ്രശ്‌നങ്ങള്‍ നിലനിക്കുന്നതുകൊണ്ടുതന്നെ മാറ്റങ്ങളുടെ ഉത്ഭവത്തെപ്പോലും ചില അധികാര പ്രയോഗങ്ങള്‍ ഇല്ലാതാക്കും.

ജാതിയില്ലാ രാജ്യമെന്ന് കേരളത്തെക്കുറിച്ച് ആരോക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ട്, പക്ഷെ ജാതി മാത്രമുള്ള രാജ്യമെന്ന് ഇന്ത്യയെ ഒരു പുലയനായ ഞാന്‍ തിരിച്ചറിയുന്നുണ്ട്. വാസ്തവത്തില്‍ പുലയന്‍ പുലയനായി നിലനില്‍ക്കുന്നതില്‍ അവന്റെ വിധേയത്വ മനോഭാവത്തിന് വലിയ പങ്കുണ്ട്, ഈ വിധേയത്വം തന്നെയാണ് പുലയന്റെ ജീവിതത്തിന് വിലങ്ങു തടിയായി നിലനില്‍ക്കുന്നത്. ഞാനിപ്പറഞ്ഞത് കേരളത്തെ ചെറിയ വിശകലന മാതൃകയാക്കിയാണ് അത് രാജ്യത്ത് മുഴുവന്‍ നിലനില്‍ക്കുന്നുണ്ട് എന്നല്ല. ജാതിയുടെയും മതത്തിന്റെയും വിവേചനത്തിന്റെ തീവ്രത ശക്തി പ്രാപിക്കുന്നതായി ഈയിടെയുള്ള ചില വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കുന്നു. ഒരാളുടെ മനസ്സും ശരീരവും മറ്റൊരു മനുഷ്യനെ മനസ്സിലാക്കാതെ കരിഞ്ഞു പോകുന്ന വ്യക്തിത്വങ്ങളിലേക്ക്  പരിണമിക്കുന്നു എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്.
ക്രിസ്തുമതം സ്വീകരിക്കാന്‍ ഞാന്‍ തയ്യറാവാത്തതിനു യഥാര്‍ഥത്തില്‍ ഒരു കാരണമെയുള്ളു എനിക്ക് ആ മതത്തിന്റെ പ്രയോഗത്തെക്കുറിച്ച് വ്യാകുലതകള്‍ ഉണ്ടായിരുന്നു എന്നതു തന്നെ. സ്വാധീനിച്ചത് ബുദ്ധന്റെ ദര്‍ശനങ്ങളാണ് ജീവിതത്തിന്റെ പ്രയോഗശുദ്ധിയെ ഇത്രമേല്‍ മഹത്തരമായി അനുവര്‍ത്തിക്കാന്‍ ബുദ്ധമതത്തിന് കഴിവുണ്ട്. ഭൂമിയിലെ മനുഷ്യന്റെ  ചില അശാസ്ത്രീയമായ നോട്ടങ്ങളാണ് മതങ്ങളെ അതിന്റെ പൂര്‍ണ്ണതയില്‍ നിന്നുമില്ലാതാക്കിയത്. ശരീരത്തിന്റെ ശാന്തതയെ ഉള്‍ക്കോള്ളാന്‍ മനുഷ്യന്റെ അലസമായ മനസ്സിനു കഴിയാതെ പോകുന്നു, മതങ്ങളില്‍ നിന്ന് ശാന്തതയും സ്‌നേഹവും പ്രവഹിക്കുന്നില്ലെങ്കില്‍ പിന്നെ ആ ചിന്തകള്‍ എങ്ങെനെ മനുഷ്യനെ പ്രതിനിധികരിക്കും.

പ്രകൃതിയുമായി അടുത്തിടപഴകുന്നവനെ പ്രാകൃതന്‍ എന്നു വിളിക്കുന്ന ജനത, എങ്ങെനെയാണ് സ്വന്തം സമൂഹത്തിന്റെ ആവശ്യങ്ങളെ കണ്ടറിയുക, ആഡംബരത്തില്‍ മുങ്ങി ജീവിക്കുന്ന നമ്മള്‍ ചിലപ്പോ പ്രകൃതിയെ തൊട്ടറിയുന്നു എന്നൊക്കെ ഒരു പ്രകൃതി ക്യാമ്പിന് പോയി വന്ന് വീമ്പു പറയാറൂണ്ട് എന്നിട്ട് ഒരു ഡയലോഗും ‘ജീവന്‍ നിലനിര്‍ത്തുന്നതില്‍ പ്രകൃതിക്ക് അഭേദ്വമായ പങ്കുണ്ട് അത് മനസ്സിലാക്കിയാണ് ഞാന്‍ വീട്ടില്‍ ചെടിമാത്രം വളര്‍ത്തുന്നത്’ ഇത്തരം വീമ്പു പറച്ചിലുകള്‍ക്ക് അപ്പുറം നാം പ്രകൃതിയോട് അടുക്കണം അതിന് യുവ തലമുറകള്‍ക്ക് കഴിവുണ്ട് എന്നും ഞാന്‍ മനസ്സിലാക്കുന്നു.
വികസനം എന്നാല്‍ സമാധാനമാണ് എന്നു എന്തുകൊണ്ടോ നാം തിരിച്ചറിയുന്നില്ല. തിരിച്ചറിവുകള്‍ ഇല്ലാത്ത മനുഷ്യന്‍ എങ്ങെനെ സാമൂഹിക ജീവിയായി മാറും. സമാധാനത്തിലേക്കുള്ള വികസനത്തിന് നാം ശ്രമിക്കുന്നെങ്കില്‍ അതിന് പ്രകൃതിയെ അറിഞ്ഞ് അതിനനുശ്രുതമായ ജീവിത ശൈലി നിര്‍മ്മിച്ചുകൊണ്ട് മുന്നോട്ട് പോകേണ്ടതുണ്ട്.  അത്തരം ഒരു ശ്രമം എന്താണ് എവിടെ നിന്ന് ആരംഭിക്കണമെന്നത് ഭരണനിര്‍വ്വഹണ കേന്ദ്രങ്ങള്‍ അറിയേണ്ടതുണ്ട് അല്ലെങ്കില്‍ അറിയിക്കേണ്ടതുണ്ട്.കേരളത്തിന്റെ പ്രകൃതി സമ്പത്ത് ഒരു കാലത്ത് നമ്മുടെ രാജ്യത്തിന്റെ പകുതി ജനതയെവരെ ഊട്ടാന്‍ പോന്നതായിരുന്നു. പക്ഷേ ഇന്ന് അതിന്റെ ഒരു ശതമാനം പോലും ബാക്കിയില്ല എന്ന അവസ്ഥയുണ്ടാകുന്നു. ഈ അവസ്ഥയ്ക്ക് കാരണം നമ്മുടെ ജീവിത ശൈലിയും അശാസ്ത്രീയമായ വികസന കച്ചവടവും തന്നെയാണ്. ഇനിയും തിറിച്ചറിയാതെ പോകരുത് നമ്മുടെ ഭൂമിയുടെ ഈ അവസ്ഥ.
(കല്ലേന്‍ പൊക്കുടന്‍ ജീവിതത്തിന്റെ ഒട്ടുമുക്കാല്‍ സമയവും മണ്ണിനെ സ്‌നേഹിച്ചും അറിഞ്ഞും ജീവിച്ചു, ജീവിക്കുന്നു. കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കാന്‍ വലിയ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി. മണ്ണും മനുഷ്യനും ഒന്നാണ് എന്നു സ്വയമറിഞ്ഞ മനുഷ്യന്‍. കോഴിക്കോട് ഫാറൂഖ് കോളേജില്‍ വെച്ച് 17-09-2014ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നടന്ന നാഷണല്‍ സെമിനാറില്‍ കല്ലേന്‍ പൊക്കുടന്‍ നടത്തിയ പ്രഭാഷണം)

http://varthamanam.com/?p=64201

No comments:

Post a Comment