Friday, 12 December 2014

എഴുന്നേല്‍ക്കൂ,മുന്നോട്ടു നടക്കൂ...

 
     കുനിഞ്ഞ ശിരസ്സല്ല, ഒരിക്കലും കുനിയാത്ത ശിരസ്സാണ് പെണ്ണിന്റെ കുലീനതയെന്ന് നിതാന്തജാഗ്രമായ അറിവിലൂടെയും മാനവികബോധത്തിലൂടെയും കര്‍മ്മ ശേഷിയിലൂടെയും ലോകത്തിന് തെളിയിച്ച് കൊടുത്ത വാംഗാരി മാതായ് കെനിയയിലെ നയേരിയില്‍ 1940 ഏപ്രില്‍ 1 ന് ജനിച്ചു. പൂര്‍വ്വമധ്യ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വനിത. ഇരു ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കെനിയയുടെ പര്‍വ്വത പുത്രിയായി പ്രകൃതിയോടിണങ്ങി വളര്‍ന്ന ഒരു ഗോത്രവര്‍ഗ്ഗ പെണ്‍കുട്ടി എങ്ങനെ കൊടുമുടിയോളം വളര്‍ന്നു എന്ന് വായിച്ചറിയുന്നത് നവ്യാനുഭവം തന്നെയാണ്.
     ഭാഷയെ, ദേശത്തെ, സംസ്‌കാരത്തെ എല്ലാം വെട്ടിമുറിച്ചുകൊണ്ട് തങ്ങളുടെ നിത്യഹരിത സമൃദ്ധിയെയും നന്മകളെയും ചൂഷണം ചെയ്ത അധീന ശക്തികള്‍ക്കെതിരെ മനുഷ്യശക്തിയുടെ മഹാദുര്‍ഗ്ഗം പണിയാന്‍ ഒരു സ്ത്രീക്ക് എങ്ങനെ കഴിഞ്ഞു എന്ന് ഞാന്‍ അമ്പരന്നു. ഭയത്തിനോ അനിശ്ചിതത്വത്തിനോ ഇടം നല്‍കാത്ത സാഹചര്യങ്ങളിലാണ് അച്ഛന്‍ മുട്ടാജുഗിയും അമ്മ വഞ്ചിരുകിബിച്ചേറയും വാംഗാരിയെ വളര്‍ത്തിയത്. പഴയകാലം നാടു നീങ്ങിക്കൊണ്ടിരിക്കുന്ന കാലത്താണ് വാംഗാരിയുടെ ജനനം. 1800ന്റെ അവസാനത്തില്‍, ഈ കാലങ്ങളില്‍ യൂറോപ്പിന്റെയും ബ്രിട്ടന്റെയും അധിനിവേശ കാലമാണ്. കിക്കുയുകള്‍ക്ക് അവരുടെ സ്വന്തം സംസ്‌കാരം തന്നെ നഷ്ടമായി. ഗോത്രങ്ങള്‍ വിഭജിക്കപ്പെട്ടു. കിക്കുയുക്കള്‍ ഉടയാടകള്‍ അണിയുന്നതിലും ചമയുന്നതിലും അന്നം കഴിക്കുന്നതിലും പാട്ടുപാടുന്നതിലും ആടുന്നതിലും വലിയ മാറ്റങ്ങളുണ്ടായി. തനത് സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ തിടുക്കത്തില്‍ തുടച്ചുമാറ്റപ്പെട്ടു. തിന ചോളത്തിന് വഴി മാറിക്കൊടുത്തു. കിക്കുയുക്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാനീയമായിരുന്ന തിനക്കണി ചായയ്ക്ക് വഴിമാറിക്കൊടുത്തു. പാടത്ത് വിളയുന്ന ധാന്യങ്ങള്‍ക്ക് മാറ്റം വന്നതോടെ പണിയായുധങ്ങളും അടുക്കള പാത്രങ്ങളും രൂപം മാറ്റി.
     അക്കാലത്തെ സ്‌കൂളുകളുടെ ഒന്നാന്തരം മാതൃകയായിരുന്നു വാംഗാരി മാതായുടെ സ്‌കൂള്‍. ചെളിക്കട്ട കൊണ്ടുള്ള ചുമരുകളും മണ്ണുതേച്ച നിലവും തകരം മേഞ്ഞ മേല്‍ക്കൂരയുമാണ് അതിനുണ്ടായിരുന്നത്. എല്ലാ വെള്ളിയാഴ്ചയും കുട്ടികള്‍ വീട്ടില്‍ നിന്നും വെണ്ണീറ് കൊണ്ടുവരും. പുഴയില്‍ നിന്ന് വെള്ളം കൊണ്ടുവന്ന് അതിലൊഴിക്കും. വെണ്ണീറ് കുഴമ്പു കൊണ്ട് തറയാകെ മെഴുകും. പൊടി അടിഞ്ഞുകൂടുന്നത് തടയാനും ഈച്ച പോലുള്ള ക്ഷൂദ്ര ജീവികളെ നശിപ്പിക്കാനുമായിരുന്നു ഈ ചടങ്ങ്. പ്രകൃതിയോട് ചങ്ങാത്തം കൂടുന്ന തരക്കാരിയായിരുന്നതു കൊണ്ട് കാട്ടിലും നാട്ടിലുമുള്ള വന്യജീവികളെ അവള്‍ പേടിച്ചില്ല. അമ്മ പറഞ്ഞു കൊടുത്ത ഉപദേശങ്ങള്‍ സ്വീകരിച്ചും അനുസരിച്ചും ജീവിച്ചു. വാംഗാരി എന്നാല്‍ 'പുലിയുടെ' എന്നാണ് അര്‍ത്ഥം. അതുകൊണ്ടുതന്നെ പുലികളെ വാംഗാരി ഭയപ്പെട്ടില്ല. കുട്ടിക്കാലത്തെ അനുഭവങ്ങളാണ് ഒരാളുടെ സ്വഭാവത്തെ വാര്‍ത്തെടുക്കുന്നത്. കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും തൊട്ടറിയുകയും മണക്കുകയും ചെയ്യുന്ന ജീവിതത്തെ എങ്ങനെ വിവര്‍ത്തനം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഒരാളുടെ വ്യക്തിത്വ രൂപീകരണം സാധ്യമാവുന്നത്.
പഠിക്കാന്‍ വാംഗാരിക്ക് ഏറെ ഇഷ്ട്ടമായിരുന്നു. ക്ലാസിനു പുറത്തു കളിച്ചു  തിമര്‍ക്കുന്ന പ്രകൃതക്കാരിയായ വാംഗാരിക്ക് ക്ലാസില്‍ അതീവശ്രദ്ധയോടെ ഇരിക്കാനും കാര്യങ്ങള്‍ ഗ്രഹിക്കാനും അസാമാന്യ കഴിവുണ്ടായിരുന്നു. അവള്‍ സെന്റ് സെസിലിയയില്‍ നാലു കൊല്ലം ചെലവഴിച്ചു. ഇംഗ്ലീഷ് അല്ലാതെ ആ സ്‌കൂളില്‍ മറ്റൊരു ഭാഷയും  സംസാരിക്കാന്‍ പാടില്ലായിരുന്നു. സംസാരിക്കുന്നവര്‍ക്ക്  ശിക്ഷ എന്ന നിലയില്‍ ഒരു മുദ്ര ധരിക്കേണ്ടതായിരുന്നു. ഞാന്‍ ഒരു മണ്ടിയാണ്? 'മാതൃഭാഷ സംസാരിക്കുന്നതിനിടെ ഞാന്‍ കയ്യോടെ പിടിക്കപ്പെട്ടു' എന്നാണ് അതില്‍ ഇംഗ്ലീഷില്‍ എഴുതിയിരുന്നത് ഒരു ദിവസം മുഴുവന്‍ ബാഡ്ജ് കുത്തിവരുന്നവര്‍ വൈകുന്നേരം പുല്ലുപറിക്കുകയോ മുറ്റമടിക്കുകയോ ചെടി നനയ്ക്കുകയോ വേണം. ഇവിടെ ഒരു ജനതയുടെ ആത്മാാഭിമാനത്തിനാണ്  ആഴത്തില്‍ ക്ഷതമേല്‍്കുന്നത്. സെന്റ്‌സെസിലിയിയിലെ വാംഗാരിയുടെ  ആദ്യത്തെ വര്‍ഷം അവസാനിക്കുന്നതിനുമുമ്പ് ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപം പൊട്ടിപുറപ്പെട്ടു.
1964 സെപ്റ്റംബറില്‍ വാംഗായി ഫിറ്റ്‌സ് ബര്‍ഗ് സര്‍വ്വകലാശാലായില്‍ ചേര്‍ന്നു. ഫ്രൊഫസര്‍ ചാള്‍സ് തെഫിന്റെ കീഴില്‍ ജീവശാസ്ത്രത്തില്‍ പഠനം ആരംഭിച്ചു. പാറ്റകളുടെ പിറ്റുറ്ററി ഗ്രന്ഥിയുടെ തൊട്ടടുത്ത് തലച്ചോറില്‍ സ്ഥിതിചെയ്യുന്ന പിനിയല്‍ ഗ്രന്ഥിയെകുറിച്ച്് പഠിച്ചു. കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള ചെറിയതിത്തിരിപ്പക്ഷികളിലും പരീക്ഷണം നടത്തി. ഭ്രൂണശാസ്ത്രം, സൂക്ഷ്മ ശരീരശാസ്ത്രം, കോശ ശാസ്ത്രം, സൂക്ഷ്മദര്‍ശിനിയുടെ ഉപയോഗം തുടങ്ങിയ ശാഖകളില്‍ ആഴത്തിലുള്ള  അറിവ് കരസ്ഥമാക്കി.  പഠനത്തിന് ശേഷം അവള്‍ കെനിയയിലേക്ക് തിരിച്ചുവരുന്നത് തന്റെ ആദ്യത്തെ പേര് തിരിച്ചുപിടിക്കാനാണ്. വാംഗാരിക്ക് ജ്ഞാനസ്‌നാന സമയത്ത് മറിയം എന്ന പേര്കിട്ടി. കെനിയയിലെ സ്ഥിതിഗതികളെ വിമര്‍ശിക്കാനും അമേരിക്ക അവളെ പഠിപ്പിച്ചു . അമേരിക്കയില്‍ സ്ത്രീവിമോചനത്തിന് തുടക്കം കുറിക്കപ്പെട്ടിരുന്നു. ആഫ്രിക്കന്‍ സ്ത്രീ എന്ന നിലയില്‍ അവള്‍ കുടുതല്‍ അടിച്ചമര്‍ത്തപ്പെട്ടവളായിരുന്നു. അമേരിക്ക അവള്‍ക്ക് ഒരു വ്യക്തിത്വത്തെ രൂപപ്പെടുത്തികൊടുത്തു.
     ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളോടും കൂടി സ്വന്തം നാട്ടില്‍ ജോലിചെയ്യാന്‍ എത്തിയ വാംഗാരി നേരിട്ടത് മറ്റൊന്നാണ്. ജോലിക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തുമായി അവള്‍ ജന്തുശാസ്ത്ര പ്രൊഫസറെ ഉത്സാഹത്തോടെ ചെന്നുകണ്ടു. ആ ജോലി സ്വന്തം  ഗോത്രത്തില്‍പ്പെട്ട മറ്റൊരാള്‍ക്ക് നല്‍കി എന്ന് പ്രൊഫസര്‍ പറഞ്ഞു, ആ കത്തിന് പ്രസക്തില്ലൊന്നും. ഒരു അദ്ധ്യാപകന് എങ്ങനെ ഇത്ര കാപട്യം കാണിക്കാനാകുന്നു. ഇത്തരത്തിലുള്ള  വിവേചനത്തിന് ആദ്യമായിരുന്നു വാംഗാരി ഇരയാകുന്നത്. അവള്‍ ഒരു സ്ത്രിയായതുകൊണ്ടു കൂടിയാണോ ഇത്തരത്തിലുള്ള വിവേചനം അതേ സ്ഥാപനത്തില്‍ മറ്റൊരു ജോലി അന്വേഷിച്ച അവള്‍ക്ക് വീണ്ടും ലിംഗാധിഷ്ഠിതമായ വിവേചനം നേരിടേണ്ടിവന്നു. ലിംഗപദവിയും ഗോത്രപദവിയുമാണ് അതിരുകള്‍ നിശ്ചയിക്കുന്നത് എന്ന്് അവള്‍ തിരിച്ചറിഞ്ഞു.
       1966 ഏപ്രിലില്‍ വാംഗാരി മവാംഗി മാതായിയെ കണ്ടുമുട്ടി. തന്റെ ഭര്‍ത്താവാകാന്‍ വിധിതിരഞ്ഞെടുത്ത മവാംഗിയെ അവള്‍ക്ക് പരിചയപ്പെടുത്തിയത് ചങ്ങാതിമാരാണ്. സുന്ദരനും ദൈവ ഭയമുള്ളവനും ആയിരുന്നു മവാംഗി. സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മവാംഗി തീരുമാനിച്ചു. ഈ സമയത്ത് തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്നു വാംഗാരി. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പുകള്‍ അവളെ സംബന്ധിച്ചിടത്തോളം പരീക്ഷണകാലഘട്ടം കൂടിയായിതുന്നു. സ്വന്തം ജീവിതപങ്കാളിക്കുവേണ്ടി അവള്‍ ചെയ്യുന്ന ത്യാഗങ്ങള്‍ അദ്ദേഹം അംഗീകരിച്ചെങ്കിലെന്ന് അവള്‍ ആശിച്ചു. എന്നാല്‍ ഭാര്യക്ക് വേണ്ടത്ര ആഫ്രിക്കന്‍ സ്വഭാവം ഇല്ലെന്ന ആരോപണത്താല്‍ ഭര്‍ത്താവിന് വോട്ടും പിന്തുണയും കുറഞ്ഞുപോയി എന്നൊരു ആരോപണം അവളെ കാത്തിരുന്നു.
   1975 ജൂണില്‍ അന്തര്‍ദ്ദേശിയ സ്ത്രീവര്‍ഷത്തിന്റെ ഭാഗമായി മെക്‌സിക്കോ നഗരത്തില്‍ ആദ്യത്തെ യു. എന്‍ സ്ത്രീ സമ്മേളനം നടന്നു. നാഷണല്‍ കൗണ്‍സില്‍ ഓഫ് വിമന്‍ ഓഫ് കെനിയ ഗ്രാമീണരടക്കമുള്ള സ്ത്രീകളില്‍ നിന്നും നേരിട്ട് ആശയങ്ങള്‍ സ്വീകരിക്കാന്‍ വിവിധ യോഗങ്ങള്‍ നടത്തി. തങ്ങള്‍ക്ക് ആവശ്യത്തിന് കുടിവെള്ളമോ കാലികള്‍ക്ക് തീറ്റയോ കുഞ്ഞുങ്ങള്‍ക്ക് ആഹാരമോ  ഇല്ലെന്ന് സ്ത്രീകള്‍ ആവലാതിപ്പെട്ടു. ഇതിനെതിരെ തനിക്ക് എന്ത്‌ചെയ്യാന്‍ കഴിയുമെന്ന് വാംഗാരിമാതായ് ചിന്തിക്കുകയും ഉത്തരം ലഭിക്കുകയും ചെയ്തു. മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍. ഇങ്ങനെയാണ് ഗ്രീന്‍ ബെല്‍റ്റ് പ്രസ്ഥാനം ആരംഭിക്കുന്നത്്. ഇക്കാര്യത്തില്‍ പെണ്ണുങ്ങള്‍ വാംഗാരിയെ അതിശയിപ്പിച്ചു. തൈച്ചെടികളുണ്ടാക്കുന്ന കാര്യത്തില്‍ അവര്‍ നാട്ടറിവുകളുടെ കെട്ടു തന്നെയഴിച്ചു. നടുന്ന ഓരോ ചെടിക്കും പെണ്ണുങ്ങള്‍ക്ക് ചെറിയ തുക പാരിതോഷികമായി നല്‍കി.
   മവാംഗിയുമായുള്ള ദാമ്പത്യം പരാജയപ്പെടു കഴിഞ്ഞെന്ന് താമസിയാതെ അവള്‍ക്ക്   ബോധ്യപ്പെട്ടു. ഈ വേര്‍പിരിയല്‍ തനിക്കിഷ്ടപ്പെട്ട വഴി തെരഞ്ഞെടുക്കാന്‍ വാംഗാരിയെ സഹായിച്ചു. മക്കളെ അവരുടെ അച്ഛന്റെ   അടുത്തേക്ക് അയച്ചു. അനുസരണയില്ലാത്തവള്‍  എന്ന മുദ്ര ഭര്‍ത്താവിനെ പോലെ സര്‍ക്കാറും അവളുടെ മേല്‍ ചാര്‍ത്തി. 41-ാം വയസ്സില്‍ ജോലിയോ പെന്‍ഷനോ സ്വന്തമായി ഒരു  വീടോ ഇല്ലാതെ , ജീവിതത്തില്‍ ആദ്യമായി അവള്‍ ശൂന്യത അനുഭവിച്ചു. താനൊരുവട്ട പൂജ്യമാണെന്ന് അവള്‍ക്ക് തോന്നിത്തുടങ്ങി. അതിനുശേഷം  ഗ്രീന്‍ബെല്‍റ്റ്    പ്രസ്ഥാനത്തിന് ഊടും പാവും നെയ്യുകയായിരുന്നു വാംഗാരിയുടെ ജീവിതം.

ലോകബാങ്കിന്റെ കെനിയയിലെ പ്രതിനിധിക്ക് നേരിട്ട്  ഭീമഹര്‍ജി നല്‍കാന്‍ ചെന്ന വാംഗാരിയെയും സംഘത്തേയും പോലീസ് ലാത്തിവീശി. വാഗുരു ഗ്രാമത്തില്‍ വനഭൂമികയ്യേറ്റത്തെക്കുറിച്ച് സാംസാരിക്കുകയും ഗ്രാമീണരുടെ ഒപ്പ് ശേഖരിക്കുകയും ചെയ്തു. “ഈ ഭൂമി കയ്യേറ്റ ഭീഷണിയില്‍” എന്ന പലക അവിടെ സ്ഥാപിച്ചു.ഇതിന് കിട്ടിയ പ്രതിഫലം തടവറയായിരുന്നു. 2002 ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെ വാംഗാരി തീരുമാനിച്ചു. എങ്ങും നിശ്ചയദാര്‍ഢ്യത്തിന്റെ അലകളുയര്‍ന്നു. വാംഗാരിയുടെ തെരഞ്ഞെടുപ്പു മുദ്രാവാക്യം “എഴുന്നേല്‍ക്കൂ, നടക്കൂ” എന്നതായിരുന്നു. അവസാനം തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നു. ഭരണകക്ഷിയായ കെനിയന്‍  ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍  ദയനീയമായി പരാജയപ്പെട്ടിരുന്നു. ജനത നാളെകള്‍ സ്വപ്‌നം കണ്ടുതുടങ്ങി. കെനിയയെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ ആനന്ദത്തിന്റെ ആ നിമിഷത്തിലും വാംഗാരിയെ അലട്ടി. സ്വന്തം നാടിന്റെ പുതിയ തുടക്കം കാണാന്‍ ഭാഗ്യം  സിദ്ധിച്ചവരിലൊരാളായി വാംഗാരി. ആ വെള്ളിവെളിച്ചം കാണാന്‍ ഈ തലമുറയ്ക്ക് ഭാഗ്യമുണ്ടായില്ലെന്ന് മാത്രം. വാംഗാരിക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു. ഈ നിമിഷം വാംഗാരി ആഘോഷിച്ചത്. പ്രിയപ്പെട്ട കെനിയ പര്‍വ്വതത്തെ സാക്ഷി നിര്‍ത്തി വാംഗാരി ഒരു നന്ദിമരം നട്ടു കൊണ്ടാണ്. പച്ചപ്പുകൊണ്ട് ഭൂമിയുടെ നഗ്നത മറയ്ക്കുവാനുള്ള ശ്രമം അവര്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. നീല ഗ്രഹത്തെ ജീവനേക്കാള്‍ സ്‌നേഹിക്കുന്ന ഒരു പിടി ആളുകള്‍ അവരുടെ തുണയായി അവര്‍ക്ക് അഭയം നേടാന്‍ മറ്റൊരിടമില്ലായിരുന്നു. ഭൂമിയുടെ തിരുമുറിവുകള്‍ നേരിട്ട് അവര്‍ക്ക് സ്വസ്ഥരായിരിക്കാന്‍ ആയില്ല. വിശ്രമിക്കാന്‍ അവര്‍ക്ക് നേരമില്ലായിരുന്നു; പിന്തിരിയാന്‍ ഉദ്ദേശ്യവും. ഭാവി തലമുറകള്‍ അവരെപ്പോലെ കരുത്തും കരുണയുമുള്ള മനുഷ്യരെ കാത്തിരിക്കുന്നു. “എഴുന്നേല്‍ക്കു മുന്നോട്ടു നടക്കൂ...”


No comments:

Post a Comment