Friday, 12 December 2014

'മത്തി' മുതല്‍ 'കാണി' വരെ

.

ജിനോ ജോസഫ് എന്ന കലാകാരനെ മലയാളി തിരിച്ചറിയാന്‍ തുടങ്ങുന്നത് 'മത്തി' എന്ന നാടകത്തിലൂടെയാണ്, 2013 ല്‍ മികച്ച നാടകാവതരണത്തിനും മികച്ച രചന, മികച്ച രണ്ടാമത്തെ നടന്‍ എന്നീ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. വീണ്ടും നാടക പ്രേക്ഷകര്‍ക്ക് പുതുമ സൃഷ്ടിച്ചു കൊണ്ട് കഴിഞ്ഞ സെപ്തംബര്‍ 26-ാം തിയ്യതി തൃശൂര്‍ കേരളസംഗീത നാടക അക്കാദമി സംഘടിപ്പിച്ച സംസ്ഥാന അമേച്വര്‍ നാടക മത്സരത്തില്‍ 'കാണി' എന്ന നാടകത്തിന് മികച്ച രണ്ടാമത്തെ നാടകാവതരണത്തിനും രചനക്കും നടനുമുള്ള പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കി.
നാടകങ്ങള്‍ അപ്രത്യക്ഷമാകുന്ന  ഈ രംഗത്ത് നൂതനമായ ആവിഷ്‌കാര സ്വാതന്ത്രങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഇരിട്ടി സ്വദേശിയും വയനാട് പഴശ്ശിരാജ കോളേജിലെ മാധ്യമപഠന വിഭാഗ അധ്യാപകനുമായ ഇദ്ദേഹം. നാടകപ്രവര്‍ത്തനങ്ങളെക്കുറിച്ചും ഈ രംഗത്തെ പ്രവര്‍ത്തന പരിചയങ്ങളും അനുഭവങ്ങളും  പങ്കുവെക്കുന്നു.
 
? കലാപാരമ്പര്യമുള്ള കുടുംബ പാശ്ചാത്തലത്തില്‍ നിന്നല്ല വരുന്നത്. എന്നിട്ടും ഇന്ന് സംസ്ഥാന അമേച്ച്വര്‍ നാടക വേദികളില്‍ വരെ എത്തി നില്‍ക്കുന്നു.

     എന്റെ ഉള്ളില്‍ എങ്ങനെയാണ് നാടകം ഉണ്ടായത് എന്നത് എനിക്കിപ്പോഴും അറിയില്ല. ഞാന്‍ വളരെ ഉള്‍വലിഞ്ഞ, ആരോടും ഇടപഴകാത്ത ഒരു വ്യക്തിയായിരുന്നു. എന്നാല്‍ ഇന്ന് ആളുകളെ കണ്‍ട്രോള്‍ ചെയ്യുന്നു. വേദിയില്‍ സംസാരിക്കുന്നു. എനിക്ക് തന്നെ അദ്ഭുതെ തോന്നാറുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കലോത്സവങ്ങളില്‍ സ്വന്തമായി നാടകത്തിന് രചനയും സംവിധാനവും ചെയ്തിട്ടുണ്ട്.  ആദ്യമായി സംവിധായകന്റെ കീഴില്‍ നാടകത്തില്‍ അഭിനയിക്കുന്നത് ഹയര്‍സെക്കന്റിയില്‍ പഠിക്കുമ്പോഴാണ്. ഗൗരവമായി നാടകത്തില്‍ അഭിനയിക്കുന്നത് ഞാന്‍ അശോകേട്ടന്‍ എന്ന് വിളിക്കുന്ന അശോകന്‍ കതിരൂരിന്റെതാണ്(കൂത്ത് പറമ്പ് നാടക സംവിധായകന്‍). അദ്ദേഹത്തിന്റെ കൂടെ നിന്നിട്ടാണ് നാടകത്തിന്റെ എല്ലാ തലങ്ങളെക്കുറിച്ചും മനസിലാക്കുന്നത്. തെരുവു നാടകത്തിലൂടെയാണ്  ജനങ്ങള്‍ എന്നെ ശ്രദ്ധിക്കുന്നത്. സംസ്ഥാന അമേച്വര്‍ നാടക മത്സരത്തിലേക്ക് രണ്ട് നാടകങ്ങളെ അയച്ചിട്ടുണ്ടായിരുന്നുള്ളു. അത് തിരഞ്ഞെടുക്കപ്പെടുകയും അവാര്‍ഡിന് അര്‍ഹനാക്കുകയും ചെയ്തു. അതില്‍ വളരെ സന്തോഷമുണ്ട്.

?  പൊറോട്ട ,മാങ്ങാണ്ടി., മത്തി, കാണി തുടങ്ങിയ നാടകങ്ങളുടെ പേരുകള്‍ വളരെ വ്യത്യസ്തത പുലര്‍ത്തുന്നു. 

നാടകം ആ പേര് ആവശ്യപ്പെടുന്നുണ്ട് എന്നതാണ്. പേരുമായി കൃത്യമായി ബന്ധമുള്ള വിഷയമാണ് നാടകം കൈകാര്യം ചെയ്തിരിക്കുന്നത്. നാടകത്തില്‍ പേര് ആകര്‍ഷണമുണ്ടാക്കുന്ന ഘടകമാണ്. ആധുനിക കാലഘട്ടത്തില്‍ നാടകം കാണാന്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന കാര്യങ്ങള്‍ ചെയ്‌തേ പറ്റൂ. നമുക്ക് ഒരു കാര്യം ജനങ്ങളോട് പറയണമെങ്കില്‍ അതില്‍ കൃത്യമായ ചേരുവകള്‍ വേണം. അല്ലാതെ നാടകം വന്ന് കാണൂ എന്ന് പറഞ്ഞാല്‍ ആരും വരില്ല. പ്രേക്ഷകരെ പിടിച്ചിരുത്തണം. നാടകം ഒരു വിനോദം  കൂടിയാണ്.
?  പ്രേക്ഷകരുമായുള്ള നേരിട്ട ഇടപഴകലുകള്‍ പൊറോട്ട, മത്തി, കാണി തുടങ്ങിയ നാടകങ്ങളില്‍ വ്യക്ത്മാണ്.

      അത് നാടകത്തിന് മാത്രം സാധ്യമായ പ്രത്യേകതയാണ്, പ്രേക്ഷകരും അഭിനയിക്കുന്നവരും തമ്മിലുള്ള ഇടപെടലുകള്‍. നമ്മുടെ ഇടയിലുള്ള ആളുകളാണിതെന്ന ഫീലിംഗ്്് കിട്ടാനാണ്്് ഇങ്ങനെയൊരു സാധ്യത ഉപയോഗിക്കുന്നത്.

 ?. സംസ്ഥാന നാടക അമേച്വര്‍ മത്സരത്തില്‍ 2013 ല്‍ മത്തി, 2014 ല്‍ കാണി തുടങ്ങിയ നാടകങ്ങള്‍ക്ക് തുടര്‍ച്ചയായി നിരവധി അവാര്‍കള്‍ ലഭിച്ചു. അവാര്‍ഡുകളെ എങ്ങനെയാണ് കാണുന്നത്.
         ഇത് പ്രതീക്ഷയുണ്ടാക്കുന്നതാണ്. മത്സരങ്ങള്‍ക്കു വേണ്ടി ആദ്യമായി അയക്കുന്ന രചന 'മത്തി'യാണ്. അതു പോലെ രണ്ടാമതായി അയക്കുന്ന രചന 'കാണി'യാണ്. ഈ രണ്ട് നാടകവും സംസ്ഥാന അമേച്വര്‍ നാടക അക്കാദമി സെലക്ട്  ചെയ്യുകയും അവക്ക് അവാര്‍ഡ് കിട്ടുകയും ചെയ്തതില്‍ സന്തോഷമുണ്ട്

?  ചുറ്റും നടക്കുന്ന നിര്‍ണായകമായ പ്രശ്‌നങ്ങളോടുപോലും പ്രതികരിക്കാത്ത കേവലം കാണികളായി സമൂഹം മാറിപോകുന്നതിനെപറ്റി താങ്കളുടെ നാടകം സംസാരിക്കുന്നുണ്ടല്ലോ. കാണി എന്ന നാടകത്തില്‍ ഈ വിഷയത്തില്‍ ദൃശ്യാവിഷ്‌ക്കരിക്കാന്‍ എന്തായിരുന്നു പ്രചോദനം

   കാണികള്‍ പ്രതികരിക്കണം, എന്തു കൊണ്ട് പ്രതികരിക്കുന്നില്ല എന്നത് മാത്രമല്ല വിഷയം. ഈ വിഷയത്തിന് അത്ര പുതുമയുണ്ടെന്ന് തോന്നുന്നില്ല.  ഇത് എല്ലാ കാലഘട്ടത്തിലും പ്രസക്തമായ വിഷയമാണ്. ഓരോ കാലഘട്ടത്തിലും പ്രതികരിച്ച കാണികളാണ് ശക്തമായി സമരം ചെയ്യുകയും വിപ്ലവങ്ങള്‍ ഉണ്ടാക്കുകയും ചെയ്തത്. മുഴുവന്‍ കാണികളും ഒരുമിച്ച് പ്രതികരിച്ചാല്‍ ഒരു നാടകക്കാരനും നില്‍ക്കാന്‍ കഴിയില്ല. ജനാധിപത്യ വ്യവസ്ഥിതിയില്‍ ജീവിക്കുന്ന നമ്മള്‍ ജനാധിപത്യം ജനങ്ങള്‍ക്ക് കൂടെ ഇടമുള്ള സാധനമാണോ എന്ന് തിരിച്ചറിവ് വേണം.

 ?  2012  ല്‍ മലപ്പുറത്ത് വെച്ച് നടന്ന സ്‌കൂള്‍ യുവജനോത്സവത്തില്‍ താങ്കള്‍ എഴുതി സംവിധാനം ചെയ്ത പൊറോട്ട എന്ന നാടകം ഒന്നാമതെത്തി. ഇന്നത്തെ വിദ്യാഭ്യാസ പരിഷ്‌കരണമാണോ ഈ നാടകം കൈകാര്യം ചെയ്യുന്നത്.

    പലപ്പോഴും തോന്നിയിട്ടുണ്ട് ഒരു അദ്ധ്യാപകനായി നില്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളിലെ അദ്ധ്യാപകനായ മനുഷ്യന്‍ ചെയ്യാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് ചെയ്യേണ്ടി വരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ഒരദ്ധ്യാപകന് എത്രത്തോളം കുട്ടികളിലേക്ക് എത്തുവാന്‍ കഴിയുമെന്നറിയില്ല. വിദേശികളാണ് ഇവിടത്തെ വിദ്യാഭ്യാസം കൊണ്ടു വന്നത്. അത് നല്ല കാര്യമാണ്. പക്ഷേ ഇന്ന് പൊറോട്ട പോലെയാണ് വിദ്യാഭ്യാസം. അടിച്ചും പരത്തിയും കുഴച്ചും ഉണ്ടാക്കുന്നു. പൊറോട്ട കഴിക്കാന്‍ പാടില്ല എന്ന് നമുക്കറിയാം. എങ്കിലും നമ്മള്‍ അത് കഴിക്കും.  ഓരോ മന്ത്രിസഭയും അധികാരത്തില്‍ വരുമ്പോള്‍ ഏറ്റവും കൂടുതല്‍ അഴിച്ച് പണി നടത്തുന്നത് വിദ്യാഭ്യാസത്തിലാണ്.

?  ഷോട്ട് ഫിലിം, നാടകം, തെരുവ് നാടകം തുടങ്ങിയ വേദികളിലൂടെ സമൂഹത്തിലെ പ്രശ്‌നങ്ങള്‍ താങ്കള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതില്‍ ഏതാണ് കാര്യങ്ങള്‍ ജനങ്ങളിലേക്ക്്് എത്തിക്കാനുള്ള ഏറ്റവും നല്ല ഉപാധിയായി തോന്നിയത്..

  ഏതു മീഡിയ ഉപയോഗിച്ച് കഴിഞ്ഞാലും ഓരോ കാര്യം പറയേണ്ടത് പല തരത്തിലുള്ള ജനങ്ങളോടാണ്. അതിന് വ്യത്യസ്തമായ മീഡിയകള്‍ തന്നെ വേണം. ഇതില്‍ നാടകം, പത്രം എന്നിങ്ങനെയുള്ളവയെ ഉള്‍ക്കൊള്ളുന്നവര്‍ വ്യത്യസ്തമാണ്. അതിനെ അതിന്റെ മീഡിയക്ക്് വിട്ടു കൊടുക്കുക എന്നതാണ് കാര്യം. എല്ലാ കാര്യവും എല്ലാ മീഡിയകളില്‍ക്കൂടി ഉള്‍ക്കൊള്ളിക്കുവാന്‍ കഴിയില്ല. ഇതിന് പറ്റിയ മീഡിയ തെരെഞ്ഞെടുക്കുക എന്നതിലാണ് കാര്യം.
   
 ?  നാടകത്തിലും സിനിമയിലും പലപ്പോഴും പലതരം പ്രതിസന്ധികള്‍ കാരണം പാതി വഴിക്ക്്്് നിര്‍ത്തേണ്ടി വരാറുള്ളതായി  അറിയാം. വെളിച്ചം കാണാത പോയ സൃഷ്ടികള്‍ ഉണ്ടോ

       ഒരു നാടകവും പാതിയിലുപേക്ഷിക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം. അതിനെ പ്രാര്‍ത്ഥനാ പൂര്‍വ്വം തന്നെയാണ് കാണുന്നത്. ഓരോ നാടകത്തിനും മുമ്പ് നാടകത്തില്‍ ഉള്‍പ്പെടുന്ന എല്ലാവരെയും ചേര്‍ത്ത് നാടക ക്യാമ്പ് നടത്താറുണ്ട്. അതില്‍ തന്നെ മാനസികമായും പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. അത് ഇപ്പോള്‍ മത്തി, കാണി ആയാല്‍പ്പോലും. പക്ഷേ അത് തരണം ചെയ്ത് വേദിയിലവതരിപ്പിക്കുമ്പോള്‍ അതിന്റേതായ സുഖമുണ്ട്.

?  ഏകാംഗാഭിനയം ഇന്ന് വേദികളില്‍ നടന്ന് വരുന്നു. പ്രേക്ഷകര്‍ ഒറ്റയാളിന്റെ അഭിനയത്തിന് കാണികളാവുന്നു, ഇതിനെപ്പറ്റി.

 സോളോഡ്രാമ ചെയ്യാമെന്നുള്ള ആലോചനകള്‍ മനസിലുണ്ട്. ഇതിനായ് ആളുകള്‍ സമീപിക്കാറുമുണ്ട്്്. സോളോഡ്രാമകള്‍ എപ്പോഴും മോണോ ആക്ടുകളായി മാറുന്നു എന്നതാണ്. കൊണ്ട്്് നടക്കാന്‍ പറ്റുന്ന
നാടകം എന്ന രീതിയില്‍ സോളോഡ്രാമയെ സമീപിക്കാന്‍ പറ്റില്ല. നാടകത്തിന്റെ എല്ലാ ചേരുവകളും അതിലുണ്ടാവണം. കേരളത്തില്‍ കൊട്ടിയാഘോഷിച്ച സോളോഡ്രാമകള്‍ ഒന്നും അപാരമായ സാധ്യതകളായി കാണന്നില്ല.

?  നാടക രചന, അഭിനേതാക്കളെ തെരെഞ്ഞെടുക്കല്‍, പരിശീലന സംവിധാനം തുടങ്ങിയ പ്ര്രകിയകളില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്ന മേഖല എതാണ്? 

 ഞാന്‍ നാടക രചയിതാവാണെന്ന് സ്വയം തോന്നിയിട്ടില്ല. അതിന്റെ കാരണം മത്തി, കാണി എന്നീ രണ്ട് നാടകങ്ങള്‍ക്ക് മാത്രമേ മുന്‍കൂട്ടി രചന നടത്തിയിട്ടൊള്ളു. മറ്റ് പല നാടകങ്ങളുടേയും രചന മനസിലാണ് നടക്കു ന്നത്. സാഹചര്യമനുസരിച്ച് പരിശീലന വേളയില്‍ ഡയലോഗ് രൂപപ്പെടുത്തുകയാണ് ചെയ്യാറ്. റിഹേഴ്‌സല്‍ തുടങ്ങി നാടകം ഫസ്റ്റ് സ്റ്റേജില്‍ കളിക്കുന്നത് വരെ എനിക്കേറ്റവും പ്രതിസന്ധി ഘട്ടമാണ്.

?   സിനിമയുടെ വമ്പിച്ച സ്വീകാര്യതയും കടന്ന് കയറ്റവും നാടകങ്ങളുടെ വേദികള്‍ക്ക് കുറവ് വരുത്തുന്നുണ്ടോ

സിനിമയല്ല നാടകത്തെ ബാധിച്ചത്. നാടകം പിന്നോട്ട് പോവാന്‍ കാരണം നാടകം തന്നെയാണ്. വേറെ ഒരു മീഡിയ അല്ല മറ്റൊരു മീഡിയയെ നശിപ്പിക്കുന്നത്. ഇപ്പോള്‍ നാടകത്തിന് പ്രതീക്ഷാബഹമായ തിരിച്ച് വരാവാണ് ഉണ്ടായിരിക്കുന്നു എന്നതാണ് മനസിലാക്കുന്നത്.
 




No comments:

Post a Comment