Friday, 12 December 2014

കലകളുടെ സംഗീതമെല്ലാം ആസ്വാദ്യമെന്നറിയിച്ച ദേശീയ ഗോത്രകലോത്സവം.


വാമൊഴിപ്പാട്ടുകളും കൈവേലകളും രംഗകലകളുമുള്ള ആദിവാസി കലാസമ്പത്ത് പൊതുസംസ്‌കാരികധാരക്ക് അപരിചിതമാണ്. പൊതുസംസ്‌കാരത്തിന്റെ കലാകേന്ദ്രങ്ങളിലൊന്നും കടന്നുവരാത്ത സംസ്‌കൃതിയാണ് ഗോത്രകല. വരേണ്യസംസ്‌കാരത്തിന്റെ അകത്തളങ്ങളില്‍ നടക്കുന്ന കെട്ടുകാഴ്ചകള്‍ കേരളത്തിന്റെ കലാപാരമ്പര്യമാണെന്ന് കൊട്ടിഘോഷിക്കുമ്പോള്‍ വനങ്ങളില്‍ ഇപ്പോഴും നിശ്ശബ്ദമായി ഗോത്രകലകള്‍ ചുവടുവയ്ക്കുന്നുണ്ട്.
            പ്രകൃതിയില്‍ നിന്നകന്നിട്ടില്ലാത്ത, എന്നും അവഗണനമാത്രം വിധിക്കപ്പെട്ട ഒരു ജനതയുടെ പാരമ്പര്യവും  അവയുടെ അര്‍ത്ഥപ്പൊരുളും കണ്ടെത്താനുള്ള ശ്രമമാണ് സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലെ ഫോക്‌ലോര്‍ അക്കാദമിയും തഞ്ചാവൂര്‍ ആസ്ഥാനമായ സൗത് സോണ്‍ കള്‍ച്ചറല്‍ സെന്റ്റും നിലമ്പൂര്‍ നഗരസഭയും  ചേര്‍ന്ന് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ദേശീയ ആദിവാസി കലോത്സവം.നിലമ്പൂരില്‍ വെച്ച്് നടത്തിയ പ്രസ്തുത കലോത്സവം വിവിധങ്ങളായ ഗോത്രകലകളിലേക്ക് വാതില്‍തുറക്കുന്ന ഒന്നായിരുന്നു.ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദിവാസി കലാകാരന്മാരാണ് തങ്ങളുടെ ഗോത്രങ്ങളുടെ പൈതൃകവും സംസ്‌കാരവും വേദിയില്‍ പകര്‍ന്നാടിയത്. മൃഗങ്ങളെ ചുട്ടുതിന്നും കായ്ക്കനികള്‍ ഭക്ഷിച്ചും കഴിഞ്ഞ കാലത്തിന്റെ ജീവിതതാളമായിരുന്നു കലകളുടെ ഉള്ളടക്കം. ഇന്ന് ടെലിവിഷന്‍ ചാനലുകളിലും  സ്‌കൂള്‍ കലോത്സവേദികളിലും അപ്രത്യക്ഷമായ ഗോത്രകലകള്‍ കാണികള്‍ക്ക് അപൂര്‍വമായ ദൃശ്യാനുഭവമായിരുന്നു പകര്‍ന്ന് നല്‍കിയത്.ഓരോ ജനവിഭാഗത്തിന്നും അവരുടേതായ കലകളും സംസ്‌കാരവും ഉണ്ട് എന്ന പ്രാഥമിക വിവരത്തിന് അലങ്കാരം ചാര്‍ത്തുന്നതായിരുന്നു ഗോത്രകലകളെ അറിഞ്ഞുള്ള മൂന്ന് ദിനരാത്രിങ്ങള്‍.
        ആചാരാനുഷ്ഠാനങ്ങള്‍ക്കപ്പുറം തങ്ങളുടെ ജീവിതം ഭീക്ഷണിയിലാണെന്ന സന്ദേഷമാണ് കലകളിലൂടെ അവര്‍കോറിയിട്ടത്. പൂര്‍വികരുടെ ജീവിതത്തിന്റെ നോര്‍രേഖകള്‍ ഓരോ കലാരൂപങ്ങളിലും കാണാനായി,ആന്ധ്രപ്രദേശിന്റെ ഗുസാഡി നൃത്തം, തമിഴ്‌നാടിന്റെ ധോഡ നൃത്തം, ഛത്തീസ്ഗഡിലെ ഗൗര്‍മറിയനൃത്തം, അട്ടപ്പാടിയുടെ ഇരുളനൃത്തം, കാസര്‍ഗോഡിലെ മുളംചെണ്ട, വയനാടിന്റെ ഗോത്രമൊഴി നാടന്‍പാട്ടുകള്‍ നാടന്‍കലകള്‍ എന്നി ഗോത്രകലകള്‍ വേദിയില്‍ അരങ്ങേറി.

No comments:

Post a Comment